കുമരകം: കുമരകം ചന്തപ്പാലത്തിന്റെ കാലുകളിൽ പോള കൂട്ടമായി തങ്ങിക്കിടക്കുന്നത് പാലത്തിന് ഭീഷണിയായി മാറി. പോള തടഞ്ഞുകിടക്കുന്നതിനാലുള്ള കുത്തൊഴുക്ക് പാലത്തിന് ബലക്ഷയം ഉണ്ടാക്കാവുന്നത്ര ശക്തമാണ്. ഒരു മാസത്തിനുള്ളിൽ രണ്ട് തവണ പാലത്തിൽ തങ്ങിക്കിടന്ന പോള തള്ളിവിട്ടതാണ്. വീണ്ടും പോള ഒഴുകിയെത്തി കാലുകളിൽ തങ്ങുകയാണ്.
കിഴക്കുഭാഗത്തുള്ള തോടുകളിൽനിന്നും പാടശേഖരങ്ങളിൽനിന്നും തള്ളിവിടുന്ന പോളയും പുൽക്കെട്ടുകളുമാണ് ചന്തത്തോട്ടിൽ എത്തുന്നത്. വർഷങ്ങൾ പഴക്കമുള്ള നടപ്പാലമാണ് ചന്തപ്പാലം. ചന്തത്തോട്ടിലെ പോളക്കൂട്ടം എറെ ദുരിതത്തിലാക്കിയിരിക്കുന്നത് മത്സ്യത്തൊഴിലാളികളെയാണ്. വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിനെത്താൻ ഒരു മാർഗവുമില്ലാതെ വലയുകയാണവർ. പഞ്ചായത്തിടപെട്ട് പോള നീക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.